2010-11 വര്‍ഷത്തില്‍ മഹാത്മഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി ആറാം മാസത്തിലേക്കു കടന്നിരിക്കുകയാണ്. തീര്‍ച്ചയായും ഇത് ഒരു അര്‍ദ്ധവാര്‍ഷിക അവലോകനത്തിനുള്ള സമയം തന്നെയാണ്. 35 ലക്ഷം രൂപ പദ്ധതി ചിലവ് എന്നത് ഒരു ലക്ഷ്യമായി കഴിഞ്ഞ വര്‍ഷം തന്നെ നമ്മുടെ മുന്നിലുണ്ട്. ഈ ലക്ഷ്യത്തിലെത്താന്‍ കഴിയാതിരുന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ഉത്തരവു പ്രകാരം ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ തസ്തിക കാണില്ല. ആ ഉത്തരവ് നടപ്പാക്കുന്നതിന് തദ്ദേശ സ്വയം ഭരണവകുപ്പു മന്ത്രി 6 മാസത്തെ സമയം നല്‍കിയിട്ടുണ്ട്. (യൂണിയന്‍ ഉണ്ടാക്കിയതിനാലാണ് ഈ കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞത എന്ന കാര്യം പ്രത്യേകം ഓര്‍ക്കുക) ആ സമയം ഈ മാസത്തോടു കൂടി തീരുകയാണ്. 6 മാസത്തോടു കൂടി 35 ലക്ഷത്തിന്റെ പകുതി പോലും എത്താന്‍ കഴിയാത്ത പഞ്ചായത്തുകളില്‍ എങ്ങനെ ഈ വര്‍ഷം 35 ലക്ഷത്തില്‍ എത്തും?.
അടുത്ത 6 മാസം എന്നു പറയുന്നത് വളരെ പ്രതീകൂല സാഹചര്യങ്ങള്‍ ഉള്ള മാസങ്ങളാണ്. ചോദിക്കാനാരുമുണ്ടാകില്ല. ഉഴപ്പാന്‍ പറ്റിയ കാലാവസ്ഥയായിരിക്കും. വളരെ വ്യക്തമായ പരിപാടി ഇല്ലാതെ നീങ്ങിയാല്‍ 35 പോയിട്ട് 30 പോലും എത്തില്ല. കുടുംബശ്രീയുടെ ഭാരവാഹികളൊക്കെ തന്നെ ഇലക്ഷന്‍ ചൂടിലാവും. മസ്റ്ററോള്‍ വാങ്ങാനും പണി നോക്കിനടത്താനും അവര്‍ക്ക് എത്ര ശ്രദ്ധ കാണും എന്ന് കണ്ടറിയുക തന്നെ വേണം. പിന്നെ പണി വേണം വേണം 100 തികക്കണം എന്നു പറയുന്നത് പാവം തൊഴിലാളികളാണ്. അവരുടെ ശബ്ദം എത്രയുണ്ടാവും എന്നു നമുക്കറിയാം.
നമ്മുടെ ജില്ലയില്‍ എല്ലാ പഞ്ചായത്തുകളിലും 35 ലക്ഷത്തിലെത്തിക്കാനുള്ള പരിശ്രമം നടത്തേണ്ടിയിരിക്കുന്നു. ഇപ്പോഴത്തെ സ്ഥിതി ഫണ്ടു നേടിയെടുത്തതു വച്ചു പരിശോധിച്ചാല്‍ സുരക്ഷിതമായ സ്ഥാനത്തു നില്‍ക്കുന്നത് വെറും 10 പഞ്ചായത്തുകള്‍ മാത്രമാണ് .
20 ലക്ഷത്തിനുമുകളില്‍ ഫണ്ടുള്ള പഞ്ചായത്തുകള്‍ 10 എണ്ണം മാത്രം. ചെന്നീര്‍ക്കര (21.12),റാന്നി (23),ഏറത്ത് (25.21), ഇലന്തൂര്‍ (26.18), തണ്ണിത്തോട് (28.25), കുന്നന്താനം (30.24), ഏനാദിമംഗലം (31.66), പള്ളിക്കല്‍ (37.62) , കലഞ്ഞൂര്‍ (51.48), ഏഴംകുളം(61.98). ഇതില്‍ ഏഴംകുളം പഞ്ചായത്ത് 40 ലക്ഷംരുപ ചിലവഴിച്ചു കഴിഞ്ഞു. എല്ലാവരും അവരെ അഭിനന്ദിക്കണം. ഏഴംകുളം പഞ്ചായത്തിലെ തൊഴിലുറപ്പ് ജീവനക്കാര്‍ എല്ലാവര്‍ക്കും മാത്യകയാണ്. അനുകരിക്കേണ്ടതാണ്
അടുത്ത സ്ഥാനത്ത് 16 പഞ്ചായത്തുകളാണുള്ളത്. സീതത്തോട് (15.04) ,വള്ളിക്കോട് (15.15),റാന്നി അങ്ങാടി (15.28),കുളനട (15.33),കൊടുമണ്‍ (15.43),റാന്നി പെരുനാട് (15.48), മലയാലപ്പുഴ (15.55), പ്രമാടം (16.15), വെച്ചൂച്ചിറ (16.24), കോഴഞ്ചേരി (16.29), ഓമല്ലൂര്‍ (16.81), നിരണം (17.13), ആനിക്കാട് (18.48), പന്തളം (19.58), കുറ്റൂര്‍ (19.88), പന്തളം തെക്കേക്കര (20.28) ഇവരുടെ ഫണ്ട് 15 ലക്ഷത്തിനും 20 നു മിടയ്ക്കാണ്. അവര്‍ക്ക് അടുത്ത 6 മാസംകൊണ്ട് 35 ലക്ഷത്തിലെത്താന്‍ കഴിയുന്നവരാണ്. ഒരു 20 ലക്ഷം രൂപകൂടി ചിലവഴിക്കാനുള്ള നല്ല പരിശ്രമം ഇവര്‍ നടത്തേണ്ടതുണ്ട്. മേല്‍പറഞ്ഞ പ്രതീകൂല സാഹചര്യത്തെ അതിജീവിക്കാനുള്ള ശ്രമവും പരിപാടിയും ഉണ്ടെങ്കില്‍ ഈ 16 പഞ്ചായത്തുകള്‍ക്കും 35 ലക്ഷത്തിലെത്താന്‍ കഴിയും. 150 പേര്‍ക്കെങ്കിലും 100 ദിവസം തൊഴില്‍ നല്‍കണം എന്ന ലക്ഷ്യത്തോടെ വര്‍ക്കുകള്‍ അറേഞ്ചു ചെയ്താല്‍ ഈ 16 പഞ്ചായത്തുകള്‍ക്കും 35 ലക്ഷത്തിനു മുകളിലെത്താം. മാര്‍ച്ചു മാസത്തിലേക്കു ചിലവാക്കാം എന്നു വിചാരിച്ചാല്‍ ഫണ്ടു കിട്ടാതെ വരും എന്നോര്‍ക്കുക.
മൂന്നാം സ്ഥാനത്ത് 10 ലക്ഷത്തിനും 15 ലക്ഷത്തിനുമീടക്ക് ഫണ്ടുള്ള 12 പഞ്ചായത്തുകളാണുള്ളത്. തോട്ടപ്പുഴശ്ശേരി ( 10.03), ചിറ്റാര്‍ (10.3), മൈലപ്ര (10.83), റാന്നി പഴവങ്ങാടി (11.17), തുന്പമണ്‍ (13.07), പുറമറ്റം (13.18), കടന്പനാട് (14.02), ചെറുകോല്‍ (14.07), നെടുന്പ്രം (14.1), എഴുമറ്റൂര്‍ (14.15), നാറാണമൂഴി (14.16), മെഴുവേലി (14.71) . ഈ ഫണ്ട് പൂര്‍ണ്ണമായും ചിലവഴിച്ച് കഴിഞ്ഞവരാകാം ഈ പഞ്ചായത്തുകള്‍. ഇനിയുള്ള ഓരോ മാസവും 4 മുതല്‍ 5 ലക്ഷം രൂപ വീതമെങ്കിലും ചിലവഴിക്കാനുള്ള തീവ്രമായ പരിപാടി നടപ്പാക്കിയാലേ ഇവര്‍ക്കു 35 ലക്ഷത്തിലെത്താന്‍ കഴിയൂ. അടുത്ത 5 മാസ (മാര്‍ച്ചു മാസം കണക്കകൂട്ടണ്ട) ത്തേക്കുളള വര്‍ക്കുകള്‍ സാങ്കേതിക അനുമതി വാങ്ങിയെടുക്കുകയും, തീര്‍ന്ന വര്‍ക്കുകളുടെ എല്ലാം MIS പൂര്‍ത്തിയാക്കി ഇപ്പോള്‍ തന്നെ ഫണ്ടു വാങ്ങിയെടുത്താലേ ഇവര്‍ക്കു 35 ലക്ഷം എന്ന ലക്ഷ്യത്തിലെത്താന്‍ കഴിയൂ. ഓരോ ആഴ്ചയിലും നടത്തേണ്ട വര്‍ക്കുകള്‍ വ്യക്തമായി പ്ലാന്‍ ചെയത് കലണ്ടര്‍ തയ്യാറാക്കിയാലേ ലക്ഷ്യത്തിലെത്താന്‍ കഴിയൂ. വര്‍ക്ക് കലണ്ടര്‍ പ്ലാന്‍ ചെയ്ത് തയ്യാറാക്കിയാല്‍ തീര്‍ച്ചയായും വിജയിക്കാന്‍ കഴിയും.
നാലാം സ്ഥാനത്തു നില്‍ക്കുന്നത് 16 പഞ്ചായത്തുകളാണ്. 5 ലക്ഷം മുതല്‍ 10 ലക്ഷം വരെ ഫണ്ടുള്ളവരാണിവര്‍.
1 അരുവാപ്പുലം 5.01
2 മല്ലപ്പള്ളി 5.1
3 കോട്ടാങ്ങല്‍ 5.21
4 കല്ലൂപ്പാറ 5.22
5 മല്ലപ്പുഴശ്ശേരി 5.23
6 നാരങ്ങാനം 5.33
7 കൊറ്റനാട് 5.45
8 കവിയൂര്‍ 6.93
9 അയിരൂര്‍ 7.45
10 കടപ്ര 8.14
11 വടശ്ശേരിക്കര 8.2
12 പെരിങ്ങര 8.73
13 കോയിപ്രം 8.98
14 ആറന്‍മുള 9.01
15 ഇരവിപേരൂര്‍ 9.13
16 കോന്നി 9.55
കഴിഞ്ഞവര്‍ഷം 35 ലക്ഷത്തിനുമുകളില്‍ ചിലവാക്കിയ പഞ്ചായത്തുകളും ഇതിലുണ്ട്. ഇവരുടെ മുന്നിലുള്ള ലക്ഷ്യം മറ്റുള്ളവരെ ക്കാള്‍ അല്പം വലുതാണ്. 5മുതല്‍ 6 ലക്ഷം വരെ പ്രതിമാസം ചിലവ് ഇനി ഇവര്‍ക്കുണ്ടാകണം. അസാധ്യമായ കാര്യമല്ല. സാധ്യമാക്കാന്‍ കഴിവുള്ളവര്‍ തന്നെയാണിവര്‍.
വിജയം തനിയെ വരില്ല. അതിനു വ്യക്തമായ് ലക്ഷ്യബോധവും പ്ലാനിങ്ങും വേണം. വ്യക്തമായ മാര്‍ഗ്ഗത്തിലൂടെ മാത്രമേ ലക്ഷ്യത്തിലെത്താന്‍ കഴിയൂ.
ഒരു ചെറിയ പ്ലാന്‍
നാളിതു വരെ ചിലവ് 10 ലക്ഷം. 35 ലക്ഷത്തിനായി ഇനി വേണ്ടത് 25 ലക്ഷം.
ഇനിയുള്ള സമയം 5 മാസം.
ഒരു മാസം ചിലവാക്കേണ്ട തുക 5 ലക്ഷം. അതായത് ആഴ്ചയില്‍ 1.25 ലക്ഷം വീതം.
ഒരാഴ്ചയില്‍ 50000 രൂപയുടെ 3 പണി പൂര്‍ത്തിയാക്കി ബില്ലാക്കിയാല്‍ 1.25 ലക്ഷമെങ്കിലും ചിലവാകും.
1 മാസത്തില്‍ പൂര്‍ത്തിയാക്കേണ്ട വര്‍ക്കുകള്‍ 12.
ഒരു വാര്‍ഡില്‍ ഒരു മാസത്തില്‍ 50000 രൂപയുടെ 2 വര്‍ക്കുവീതം തുടങ്ങണം.രണ്ടിന്റെയും പ്രോജക്ട് മീറ്റീംഗ് ഒരുമിച്ച് ഒരു ദിവസം നടത്തണം. 40 പേര്‍ പണിക്കുണ്ടെങ്കില്‍ 14 ദിവസം തുടര്‍ച്ചയായി പണിയും നല്‍കാം . ഒരു വര്‍ക്കു തീര്‍ന്നു കഴിയുമ്പോള്‍ അടുത്ത വര്‍ക്കു തുടങ്ങണം. രണ്ടാമത്തെ വര്‍ക്കു തീരുമ്പോഴേക്കും ആദ്യത്തേതിന്റെ പണം തൊഴിലാളികളുടെ അക്കൌണ്ടില്‍ എത്തുകുയും ചെയ്യും.
5 മാസത്തില്‍ പൂര്‍ത്തിയാക്കേണ്ട 50000 രൂപയുടെ വര്‍ക്കുകള്‍ 60. ഇത്രയും വര്‍ക്കുകള്‍ നിങ്ങള്‍ക്കുണ്ടോ?
ഇല്ലെങ്കില്‍ ഉണ്ടാവണം. എസ്റ്റിമേറ്റെടുത്ത് സാങ്കേതിക അനുമതി വാങ്ങണം. ഫണ്ടു നേരത്തെ വാങ്ങണം.